സ്കൂള്‍ വിദ്യാർഥികളുടെ ആരോഗ്യ വിവരങ്ങള്‍ സൂക്ഷിക്കാൻ ഹെല്‍ത്ത് കാർഡ് പദ്ധതി
തിരുവനന്തപുരം: സ്കൂള്‍ വിദ്യാർഥികളുടെ ആരോഗ്യ വിവരങ്ങള്‍ സൂക്ഷിക്കാൻ ഹെല്‍ത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളില്‍ ചേരുന്നതു മുതല്‍ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോഗ്യവിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് സാങ്കേതിക സഹായം നല്‍കും. സമഗ്ര സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വർക് ഷോപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഒന്നുമുതല്‍ അഞ്ചുവരെ പ്രൈമറി, ആറുമുതല്‍ എട്ടുവരെ അപ്പർ പ്രൈമറി, എട്ടുമുതല്‍ 12 വരെ സെക്കൻഡറി എന്നിങ്ങനെ കുട്ടികളെ മൂന്നുവിഭാഗങ്ങളായി തിരിക്കും. വൈദ്യപരിശോധന , ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ പദ്ധതിയിലുണ്ടാവും. കൗമാരത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തില്‍ ക്ലാസുകളുമുണ്ടാവും.