വിദ്വേഷ പ്രസംഗം :ജഡ്ജിക്ക് താക്കീത് നൽകി സുപ്രിംകോടതി കൊളീജിയം
ന്യൂഡൽഹി: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം.വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഏകസിവിൽകോഡ് നടപ്പിലാക്കുമെന്നും ജഡ്ജി പറഞ്ഞിരുന്നു.
പദവി മനസ്സിലാക്കി സംസാരിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം പറഞ്ഞു. എന്നാൽ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. അതേസമയം, ഇംപീച്ച് ചെയ്യാനുള്ള ശിപാർശ നൽകിയേക്കില്ലെന്നാണ് സൂചനകൾ പറയുന്നത് .
ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും . പൊതുപ്രസ്താവനകളിൽ ജുഡീഷ്യറിയുടെ അന്തസ് പാലിക്കണം. വിവാദ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൊളീജിയം വ്യക്തമാക്കി.
ഇതിന് പിന്നാലെ നിരവധി സംഘടനകൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന്, യാദവിന്‍റെ പ്രസംഗം മാധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതിയോട് സുപ്രിംകോടതി വിശദീകരണം തേടിയത് . തുടർന്നാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചത്. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.