ട്രെയിനുകളില്‍ മോഷണം നടത്തുന്ന ഹരിയാന സംഘം കേരളത്തിലും
ട്രെയിനുകളില്‍ മോഷണം നടത്തുന്ന ഹരിയാന സംഘം കേരളത്തിലും സജീവമാകുന്നതായി സൂചന. കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ച് കൊയിലാണ്ടി സ്വദേശികളായ അബ്ദുള്‍ നാസര്‍ ഷെഹര്‍ബാനു ദമ്പതികളില്‍ നിന്ന് 50 ലക്ഷം വിലമതിപ്പുളള സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ കവര്‍ന്നത് ഈ സംഘാംഗങ്ങളാണ്. ഇവരെ ചോദ്യം ചെയ്ത് മറ്റ് സംഘാംഗങ്ങളെ പിടികൂടാനാണ് പൊലീസ് നീക്കം. ഹരിയാന ഹിസാര്‍ ജില്ലക്കാരായ രാജേഷ് (42), മനോജ് 36), ദില്‍ബാഗ് (62), ജിതേന്ദര്‍ (44) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ രക്ഷപ്പെട്ടെന്നാണ് വിവരം. റെയില്‍വേ പൊലീസിന്റെ അന്വേഷണത്തില്‍ സംസ്ഥാനത്ത് പലയിടത്തും സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേപ്പറ്റി കൂടുതലറിയാന്‍ പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡിലാണ്.
സംഘത്തിലെ രാജേഷ് ഹരിയാന പൊലീസ് പിരിച്ചുവിട്ടയാളാണ്. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് എടുക്കാനും മറ്റും സഹായിക്കാനെന്ന വ്യാജേനയാണ് സംഘം മോഷണം നടത്തുന്നത്. ഇതിനായി ട്രെയിന്‍ ഇറങ്ങുന്നിടത്ത് മാര്‍ഗ തടസമുണ്ടാക്കും. ഇവര്‍ എ.സി കോച്ചുകളിലുള്‍പ്പെടെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നു. കൊയിലാണ്ടിയില്‍ ഇറങ്ങുന്ന സമയത്താണ് സംഘം അബ്ദുള്‍ നാസറിന്റെ വലിയ പെട്ടിക്കകത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം നിമിഷനേരം കൊണ്ട് കവര്‍ന്നത്. ഇതിനായി ചവണ പോലുള്ള പ്രത്യേക ഉപകരണവും കൈവശമുണ്ടാകും. ട്രെയിനിറങ്ങാന്‍ നില്‍ക്കുന്നതിനിടെ സംഘത്തെ പലരും ശ്രദ്ധിക്കില്ല. സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ഇവര്‍ മോഷണത്തില്‍ പ്രത്യേകം വൈദഗ്ദ്ധ്യം ലഭിച്ചവരാണ്. യാത്രക്കാരെ കണ്ടും അവരുടെ ലഗേജ് നോക്കിയും വിലപിടിപ്പുള്ള വസ്തുക്കളുണ്ടോ എന്ന് തിരിച്ചറിയും. ലഗേജ് എടുക്കാന്‍ സഹായിച്ച് വിശ്വാസം പിടിച്ചുപറ്റും, യാത്ര എസി കോച്ചുകളിലടക്കം, ട്രെയിന്‍ യാത്രയില്‍ ഇവരെ സൂക്ഷിക്കണം.