ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താല്‍
തിരുവനന്തപുരം: ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തില്‍ ഹർത്താല്‍ നടത്തും. വിവിധ അദിവാസി ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭീം ആർമിയും വിവിധ ദലിത് – ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പ്രതിഷേധത്തിന് കേരളത്തിലെ വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വയനാട് ജില്ലയെ മാത്രമാണ് ഹർത്താലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താല്‍.
ബി എസ് പിയുടെ കേരള ഘടകവും നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താല്‍ സംസ്ഥാനത്തെ പൊതുഗതാഗതത്തേയും സ്കൂളുകളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല. ഹർത്താലിന്റെ ഭാഗമായി ആരേയും ബുദ്ധിമുട്ടിക്കില്ല. അതേസമയം തന്നെ ഹർത്താലിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുഭാവികള്‍ പലയിടത്തും പ്രതിഷേധറാലികളും യോഗങ്ങളും നടത്തിയേക്കും.