പാതി വില തട്ടിപ്പ്: ലാലി വിന്‍സെന്‍റിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ചോദ്യം ചെയ്തത്. ഇന്നലെ ഏഴ് മണിക്കൂറിലേറെയാണ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി മൊഴി നല്‍കിയെതെന്നാണ് സൂചനകൾ പറയുന്നത്. ലാലിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ ആളുകളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിട്ടില്ലെന്നും തന്‍റെ ആവശ്യ പ്രകാരം അന്വേഷണ സംഘം തന്‍റെ മൊഴിയെടുക്കുകയായിരുന്നെന്നുമാണ് ലാലി വിന്‍സെന്‍റ് പ്രതികരിച്ചത്. എറണാകുളത്ത് നിന്നുളള എ ഐ സി സി അംഗമായ ലാലി വിന്‍സെന്‍റ് ഗുജറാത്തിലെ എ ഐ സി സി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. എന്നാല്‍ മറ്റ് ചില തിരക്കുകള്‍ ഉളളതു കൊണ്ടാണ് എ ഐ സി സി സമ്മേളനത്തിന് പോകാതിരുന്നതെന്നാണ് ചോദ്യം ചെയ്യലിനു ശേഷം ലാലി പ്രതികരിച്ചത്.