പണി റീല്‍സില്‍ കിട്ടി; അവസാനത്തെ മണല്‍ക്കടത്ത് ആഘോഷമാക്കി റീല്‍സ് എടുത്തു, പിന്നാലെ പോലീസെത്തി
മലപ്പുറം: അനധികൃത മണല്‍ക്കടത്ത് നടത്തി പൊലീസ് സ്റ്റേഷന് മുന്നിലൂടെ കൊണ്ടുപോകുന്ന ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ആയി പങ്കുവെച്ച സംഘം അറസ്റ്റില്‍. നിലമ്പൂര്‍ പൊലീസാണ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. മണല്‍ക്കടത്തിന് ഉപയോഗിച്ച ടിപ്പര്‍ ലോറി, മണല്‍ സഹിതം പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനം ചിത്രീകരിച്ച് റീലായി പങ്കുവെച്ചത്, 24 മണിക്കൂറും നടത്തി വരുന്ന സൈബര്‍ പട്രോളിങ്ങിലാണ് മലപ്പുറം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ജൂലൈ 24നാണ് റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ ലോറി കണ്ടെത്തി. അനധികൃതമായി മണല്‍ക്കടത്ത് നടത്തിയവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. രണ്ട് പേര്‍ക്ക് വിദേശത്ത് പോകാന്‍ വിസ ശരിയായിട്ടുണ്ടെന്നും അവസാനത്തെ മണല്‍ക്കടത്ത് ആഘോഷമാക്കാനാണ് റീലെടുത്തത് എന്നുമാണ് ചോദ്യംചെയ്യലില്‍ ഇവര്‍ പറഞ്ഞത്. പിടികൂടിയവരില്‍ ഒരാള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ‘ചട്ടം തന്‍ കടമയെ സെയ്യും’ എന്ന ക്യാപ്ഷനോടെ റീല്‍സ് രൂപത്തില്‍ സംഭവം മലപ്പുറം പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.