x
NE WS KE RA LA
Business

പിടി വിട്ട് സ്വര്‍ണം; റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുതിക്കുന്നു

പിടി വിട്ട് സ്വര്‍ണം; റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുതിക്കുന്നു
  • PublishedSeptember 1, 2025

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില 76,000 കടന്ന് ചരിത്ര റെക്കോര്‍ഡിലെത്തിയിരുന്നു. ഈ വിലയാണ് വീണ്ടും വര്‍ധിച്ച് 77,000 കടന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 77,000 തൊടുന്നത്. ഇന്ന് ഗ്രാമിന് 85 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9705 രൂപയാണ് വില. പവന് 680 രൂപ വര്‍ധിച്ച് 77,640 രൂപയായി.

ശനിയാഴ്ച, പവന് 1200 രൂപയായിരുന്നു ഒറ്റയടിക്ക് വര്‍ധിച്ചത്. 76960 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയാകുകയും ചെയ്തിരുന്നു. അതേസമയം, ഞായറാഴ്ച ശനിയാഴ്ചത്തെ നിരക്ക് തന്നെയാണ് മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നാലെ ഇന്ന് വില വീണ്ടും കുതിക്കുകയായിരുന്നു. ഓണം അടുത്തെത്തി നില്‍ക്കെ കുതിക്കുന്ന സ്വര്‍ണവില, വാങ്ങാനിരിക്കുന്നവരെയും കല്യാണ വിപണിയേയും സാരമായി ബാധിക്കും. അതേസമയം, ഓഗസ്റ്റ് ഒന്നിനായിരുന്നു കഴിഞ്ഞമാസം സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. 73,200 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിന് വില. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 4000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

ആഗോളവിപണിയിലും സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്. നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.7 ശതമാനം വര്‍ധിച്ചു. ഔണ്‍സിന് 3,470.69 ഡോളറാണ് വില. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കുകളും ഉയര്‍ന്നു. 0.8 ശതമാനം വര്‍ധിച്ച് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കുകള്‍ 3,543.70 ഡോളറിലെത്തി. അതേസമയം, വെള്ളി വില ആഗോളവിപണിയില്‍ 1.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 40.31 ഡോളറാണ്. 2011ന് ശേഷം ആദ്യമായാണ് വെള്ളിവില ഇത്രയും ഉയരുന്നത്.

നിരവധി ഘടകങ്ങളാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണമാകുന്നത്. സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വില വര്‍ധിക്കാന്‍ പ്രധാന കാരണം. വര്‍ധിച്ചുവരുന്ന സ്പോട്ട് മാര്‍ക്കറ്റ് ഡിമാന്‍ഡ്, ഡോളറിന്റെ ബലഹീനത, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ നയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് ഇതിന് കാരണം. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *