ബറേലി: കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഉത്തർപ്രദേശിലെ ബറേലിയിലെ മിർഗഞ്ചിൽ സംഭവം നടന്നത് .
നവംബർ 22 നാണ് ബുലന്ദ്ഷഹർ സ്വദേശിനിയായ ദാമിനിയും ഭോജിപുര സ്വദേശിയായ ദീപക് യാദവും വിവാഹിതയായത്. ബുധനാഴ്ച വൈകിട്ട് കുളിക്കാനായി കുളിമുറിയിൽ കയറിയ ദാമിനി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ആശങ്കയിലായ ഭർത്താവും വീട്ടുകാരും പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ യുവതി പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.
കുളിമുറിയിലെ ഗീസർ പൊട്ടിത്തെറിച്ച നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഉടൻ തന്നെ വീട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം പൊലീസിൽ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. ഗീസർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.