പേ വിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുമുറ്റത്തു വീണ്ടും മാലിന്യം തള്ളി

കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’ എന്ന കുറിപ്പോടെ നിയയുടെ അമ്മ ഫേസ്ബുക്കിൽ മാലിന്യത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു .
മെയ് അഞ്ചിനാണ് നിയ ഫൈസൽ എന്ന ഏഴ് വയസ്സുകാരി പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. നിയയുടെ മരണത്തോടെ തെരുവുനായയെ പിടികൂടണം എന്നാവശ്യവുമായി നാട്ടുകാരൊക്കെ രംഗത്ത് വന്നിരുന്നു.എന്നാൽ ഇപ്പോൾ നിയയുടെ വീടിന് സമീപത്തു വീണ്ടും ആരോ മാലിന്യം തള്ളിയിരിക്കുകയാണ്.ഇത് വീണ്ടും തെരുവുനായ ശല്യം വർധിപ്പിക്കാൻ ഉള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.അതേസമയം, തെരുവുനായ ശല്യത്തിൽ വിളക്കുടി പഞ്ചായത്ത് നടപടി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.