ആലപ്പുഴ: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ സൗത്ത് പൊലീസാണ് കളക്ടറുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
ബൂത്ത് പിടിച്ചെടുത്തത് മുതല്‍ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമോപദേശം ലഭിച്ച് മിനുട്ടുകള്‍ക്കകം എഫ്‌ഐആര്‍ പുറത്ത് വന്നു. ഇതില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായതായാണ് കരുതുന്നത്. പ്രശ്‌നം സജീവമായി തുടരുമ്പോഴും പാര്‍ട്ടി നേതാക്കളാരും സുധാകരനെ ബന്ധപ്പെട്ടിട്ടില്ല. കൂടാതെ കേസെടുത്തതിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചിട്ടുമില്ല.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരന്‍ നടത്തിയിരിക്കുന്നത്.
വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരൻ പ്രതികരിച്ചത്. വെളിപ്പെടുത്തല്‍ വിവാദമായതോടെ ‘വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്നും അല്‍പം ഭാവന കലര്‍ത്തിയാണ് സംസാരിച്ചത്’ എന്നുമാണ് ജി സുധാകരൻ പറഞ്ഞത്.