ഫ്രീഡം ഡ്രാഗണ്‍ പേടകം യാത്ര തിരിച്ചുസുനിത വില്യംസ് എത്താന്‍ മണിക്കൂറുകള്‍ മാത്രം

കാലിഫോര്‍ണിയ: ഒമ്പത് മാസത്തെ കാത്തിരിപ്പിനുശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മറ്റ് രണ്ട് ബഹിരാകാശ യാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി. ഇവര്‍ ഉള്‍പ്പെടുന്ന ക്രൂ9 ദൗത്യസംഘത്തെയും വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് ഭൂമിയിലേക്ക് പുറപ്പെട്ടു. അതിന് രണ്ടുമണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ യാത്രികര്‍ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ പ്രവേശിച്ച് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് 10.35ഓടെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ട് ഭൂമിയിലേക്കുള്ള യാത്രയാരംഭിച്ചു. സുനിതയ്ക്കും ബുച്ച് വില്‍മോറിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ശേഷം നാളെ പുലര്‍ച്ചെ 3:27 ഓടെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഫ്‌ളോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് ഇറക്കുക. അവിടെ ഇവരെ സ്വീകരിക്കാന്‍ സര്‍വ്വസന്നാഹങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്. തിരിച്ചെത്തിയാലും ഏറെ നാളുകള്‍ പ്രത്യേക നിരീക്ഷണത്തില്‍ തന്നെയായിരിക്കും സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികര്‍. നീണ്ടകാലം ബഹിരാകാശത്ത് തങ്ങിയതിനാല്‍ ശാരീരികമായുണ്ടായ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിഹരിക്കുകയും വേണം.
2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയായിരുന്നു. എട്ടുദിവസത്തെ പരീക്ഷണങ്ങള്‍ക്കായി ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് തിരിച്ചുവരവ് തടസ്സപ്പെട്ടത്. തുടര്‍ന്ന് ബഹിരാകാശവാസം ഒമ്പതുമാസത്തിലേറെ നീണ്ടു. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്റെ സുരക്ഷിതമായ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയായിരുന്നു. തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇവരെ തിരികെ കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത്. തുടര്‍ന്ന് ഏറെ അനിശ്ചിത്വങ്ങള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഡ്രാഗണ്‍ ഫ്രീഡം പേടകം യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുകയും അവിടെ നിന്ന് സുനിത വില്യംസിനെയും മറ്റ് മൂന്നുപേരെയും തിരികെ കൊണ്ടുവരുകയുമാണ്.
ബഹിരാകാശ ഗവേഷണരംഗത്ത് ചരിത്രമെഴുതിയാണ് സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം സാധ്യമാക്കിയ വനിതയെന്ന നേട്ടം സുനിത വില്യംസ് ഈ യാത്രയില്‍ സ്വന്തമാക്കിയിരുന്നു. ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ അതിവേഗത്തില്‍ ചുറ്റിക്കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാസത്തിനിടെയുള്ള ബഹിരാകാശ നടത്തം വിപുലമായ പരിശീലനവും കൃത്യതയും ആവശ്യമുള്ളതാണ്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നിലയത്തിന് പുറത്ത് എത്തുന്നത്. ഇതോടെയാണ് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത സ്വന്തമാക്കിയത്. വിവിധ പര്യടനങ്ങളിലെ 9 ബഹിരാകാശ നടത്തങ്ങളിലായി സുനിത ആകെ 62 മണിക്കൂറും 6 മിനിറ്റും സ്‌പേസ് വോക്ക് നടത്തി. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും സ്‌പേസ് വോക്ക് നടത്തിയ പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്.
ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് സഹായകമാകുന്ന നിരവധി പരീക്ഷണങ്ങളും ഇത്തവണ സുനിതയും സംഘവും നടത്തിയിരുന്നു. മെഡിസിന്‍, റോബോട്ടിക്‌സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ ഗവേഷണങ്ങളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലും ഏര്‍പ്പെടുകയും അവയില്‍ പലതും വീഡിയോ ദൃശ്യങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസം നീണ്ടതോടെ സുനിതയുടെ ദൈനംദിന ജീവിതത്തിലെ സുപ്രധാന രംഗങ്ങള്‍ പുറത്തുവന്നതും കൗതുകകരമായി. ബഹിരാകാശ നിലയത്തിലെ ഉറക്കം, ഭക്ഷണം, വ്യായാമം, ചെടി വളര്‍ത്തല്‍, പരീക്ഷണനിരീക്ഷണങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവയുടെ വീഡിയോ ദൃശ്യങ്ങളും തല്‍സമയ സംവാദനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. സുനിത വില്യംസ് ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായി ഇതിനിടെ ചുമതലയേറ്റെടുക്കുകയും ചെയ്തു.