മലപ്പുറത്ത് കൂരങ്കലിൽ കാട്ടാന കിണറിൽ വീണതിൽ കേസെടുത്ത് വനം വകുപ്പ്

മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ കാട്ടാന വീണത്.
രക്ഷാ ദൗത്യവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി.കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടകുകയായിരുന്നു. ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിയത്. അറുപത് അംഗ ദൗത്യസംഘമാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ആനയെ പുറത്തെത്തിച്ചത്.
ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒപ്പം ആനയെ രക്ഷപ്പെടുത്തിക്കഴിഞ്ഞാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടരുതെന്നും ദൂരെ ഉൾക്കാട്ടിൽ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് കരക്കെത്തിച്ചത്.