കോട്ടയം: വനനിയമ ഭേദഗതി അംഗീകരിക്കില്ല എന്ന ഉറച്ച തീരുമാനവുമായി ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ് -എം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും. കര്‍ഷകവിരുദ്ധമാണ് ഈ നിയമം എന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വന്യമൃഗ സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ഒഴിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഒരുപറ്റം ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ മാത്രം താല്‍പര്യത്തിന് വഴങ്ങിയാണ് പുതിയ നിയമഭേദഗതിയെന്നും കേരള കോണ്‍ഗ്രസും അവരുടെ കര്‍ഷക സംഘടനയും നേരത്തേ മുതല്‍ ആരോപിക്കുന്നുണ്ട്.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ നിയമ ഭേദഗതി കൊണ്ടുവന്നാല്‍ തങ്ങളുടെ പിന്തുണ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിനാകും കൂടിക്കാഴ്ച. ഈ നിയമ ഭേദഗതി നിയമസഭ അംഗീകരിക്കുകയും സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്താല്‍ അത് നിയമമാകും. കേരള കോണ്‍ഗ്രസ് ഇടതുമുന്നണി വിടും എന്ന വാര്‍ത്തകളെ പാര്‍ട്ടി നേരത്തേ തള്ളിയിരുന്നുവെങ്കിലും ഈ വിഷയത്തിലെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍, മുന്നണി വിടാന്‍ തീരുമാനം ഒന്നുമില്ലെന്നും വനനിയമ ഭേദഗതി വിഷയത്തിലെ തെറ്റ് തിരുത്താന്‍ മാത്രമാണ് സന്ദര്‍ശനം എന്നുമാണ് കേരള കോണ്‍ഗ്രസ്-എം വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.