മുംബൈ : മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളുമുണ്ട്. പന്ത്രണ്ടോളം യാത്രക്കാരാണ് ട്രാക്കിലേക്ക് വീണത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്.
അപകടം നടക്കുമ്പോൾ ട്രെയിനിൽ തിരക്ക് കൂടുതലായിരുന്നു, യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അതിൽ ചിലരാണ് ട്രാക്കിലേക്ക് വീണത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നും 10 മുതൽ 12 വരെ യാത്രക്കാർ കമ്പാർട്ടുമെന്റുകളിൽ നിന്ന് വീണപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ട്രാക്കിലെ വളവാണ് അപകടമുണ്ടാകാനുള്ള പ്രധാനകാരണമായി പറയുന്നു. അമിതവേഗതയിലുള്ള ട്രെയിനിൽ ആളുകൾ തിങ്ങി നിന്ന് യാത്രചെയ്യുന്നതും അപകടത്തിന് കാരണമായി. മുമ്പ്രയ്ക്കും ദിവയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കാൽവയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ബോർഡ് ചില നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക്ക് ഡോർ നിർബന്ധമാക്കാനാണ് നിലവിലെ തീരുമാനം.