തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കമെന്ന് പൊലീസ്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് ഗുണ്ട് എറിഞ്ഞത്. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ രാത്രിയാണ് തൃശ്ശൂരിലെ ശോഭാ സുരേന്ദ്രന്റെ എതിർവശത്തെ വീടിന് മുൻപിൽ സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ശോഭാസുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും, തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണെന്നുമായിരുന്നു സംഭവത്തിൽ ശോഭ സുരേന്ദ്രൻ്റെ പ്രതികരണം.