ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; ബാൽക്കണിയിൽ നിന്ന് ചാടിയ മൂന്ന് പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഡൽഹിയിലെ ദ്വാരക സെക്ടർ 13-ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ആണ് തീപ്പിടിത്തം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. എന്നാൽ രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ മൂന്ന് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ഉണ്ട്. പത്തു വയസുള്ള സഹോദരങ്ങളായ ആൺകുട്ടിയും പെൺകുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്.
തീ വ്യാപിച്ചതോടെ കുട്ടികളാണ് ബാൽക്കെണിയിൽ നിന്ന് ആദ്യം താഴേക്ക് ചാടിയതെന്നാണ് വിവരം ലഭിച്ചത്. ഇവരെ അടുത്തുള്ള ആശുപത്രിയിലേത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പിന്നാലെ പിതാവ് യാഷ് യാദവും ബാൽക്കണിയിൽ നിന്ന് ചാടി. ഇദ്ദേഹത്തെ ഐ.ജി.ഐ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. യാദവിന്റെ ഭാര്യയെയും മൂത്ത മകനെയും രക്ഷപ്പെടുത്തി ഐ.ജി.ഐ. ആശുപത്രിയിലേക്ക് മാറ്റി.
എട്ട് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി . തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഫ്ലാറ്റിലെ എല്ലാ താമസക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും കെട്ടിടത്തിലേക്കുള്ള വൈദ്യുതി, പി.എൻ.ജി. (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) ബന്ധങ്ങൾ വിച്ഛേദിച്ചതായും അധികൃതർ വ്യക്തമാക്കി.