കോഴിക്കോട്ടെ തീപിടിത്തം; കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള തർക്കം അന്വേഷിച്ച് പൊലീസ്

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയ്ക്കുള്ള സാധ്യത തള്ളാതെ പൊലീസ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തി നശിച്ച ടെക്സ്റ്റയിൽസിന്‍റെ മുൻ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമയും തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു. പ്രകാശൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പഴയ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്. കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഉടമ മുകുന്ദനെ മുൻ ബിസിനസ് പങ്കാളി പ്രകാശൻ ഒരുമാസം മുന്പ് കുത്തി പരിക്കേൽപ്പിക്കുകയും . നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ ഇരുവരും പരസ്പരം തകര്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മുകുന്ദന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റയിൽ ആണ് ഇന്നലെ കത്തി നശിച്ചത്.
അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന് കാരണ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നത്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിക്കുകയും ചെയ്തു.
അതുപോലെ , കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുന്നതാണ് നല്ലതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണത്തിലൂടെയെ സത്യം പുറത്തുവരുവെന്നും ചട്ടവിരുദ്ധമായിട്ടാ ണോ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത് എന്ന് പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
അതേസമയം, കോർപറേഷൻ കെട്ടിടത്തിലെ വീഴ്ചകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മേയറും വ്യക്തമാക്കി. കെട്ടിട നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും നിയമ ലംഘനനത്തിനും കോർപറേഷൻ ഭരണ സമിതിയാണ് ഉത്തരവാദികളെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.