കോഴിക്കോട് പുതിയ സ്റ്റാൻഡിലെ കെട്ടിടത്തിലെ തീപിടിത്തം; വീണ്ടും പുക ഉയർന്നു, ഫയർഫോഴ്സ് പരിശോധന നടത്തി

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിലെ കെട്ടിടത്തിലെ വസ്തുക്കളിൽ നിന്ന് വീണ്ടും പുക ഉയർന്നു. ഫയർഫോഴ്സ് സ്ഥലത്ത് പരിശോധന നടത്തി. ടെക്സ്റ്റൈൽസും ഗോഡൗണും പൂർണമായി കത്തി നശിച്ചു.
എന്നാൽ തീപടർന്നത് എവിടെ നിന്ന് എന്നതുസംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കും. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രധാനമാണ്. ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. അശാസ്ത്രീയ നിർമാണം തീയണക്കുന്നതിന് തടസമായി. മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സിന് രണ്ടാം നിലയിൽ എത്താനായത്.
പുതിയ ബസ് സ്റ്റാൻഡിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു.
തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള പ്രത്യേക ഫയർ എഞ്ചിനടക്കം സ്ഥലത്തെത്തി ഇതുൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി.