അതിതീവ്ര മഴ; സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട വയനാട്ടിലും അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടർ വ്യക്തമാക്കി.
കൂടാതെ സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടുമാണ്.