ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു

തമിഴ്നാട്: ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. മൂന്ന് തൊഴിലാളികൾ മരിച്ചു. ശിവകാശിക്കടുത്തുള്ള എം പുതുപട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജരത്തിനത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന സ്വകാര്യ പടക്ക നിർമ്മാണ യൂണിറ്റിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പടക്കനിർമാണശാല പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ പരുക്കേറ്റ ഏഴ് പേർ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്.
തൊഴിലാളികൾ പതിവ് പടക്ക നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ, രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
ശിവകാശിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ശിവകാശിയിൽ മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.