അഹമ്മദാബാദ് :ശക്തമായ തിരിച്ചുവരവിനയായി സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കം. രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സംഘവും ഗുജറാത്തിലെത്തി. അസുഖം ബാധിച്ച സുഹൃത്തിനെ കാണാൻ വിദേശത്തേക്ക് പോയ പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കില്ല .
ഗാന്ധിജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിനു സാക്ഷിയായ സബര്‍മതി നദി തീരത്താണ് ഇത്തവണത്തെ എഐസിസി സമ്മേളനം നടക്കുന്നത്.ഇന്ന് രാവിലെ ചേരുന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ 169 പേർ പങ്കെടുക്കും. പാർട്ടിയുടെ അടിമുടി മാറ്റവും അടിത്തറ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ഡിസിസികളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടങ്ങിയ പ്രമേയം പാസാക്കും. ഡിസിസികളുടെ അധികാരം വര്‍ധിപ്പിക്കുന്നതാണ് പ്രമേയത്തിലെ നിര്‍ദേശങ്ങള്‍. ആവശ്യമെങ്കില്‍ ഇതിനു വേണ്ട ഭരണഘടന ഭേദഗതിക്കും പ്രവര്‍ത്തക സമിതി അനുമതി നല്‍കിയേക്കും. സാമ്പത്തികം, സാമൂഹികം, വിദേശകാര്യം എന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് ഒറ്റ പ്രമേയമാണ് അവതരിപ്പിക്കുക. ഗാന്ധിജിയുടെയും പട്ടേലിന്‍റെയും സംഭാവനകളെയും പ്രമേയത്തില്‍ ഊന്നിപ്പറയും.