x
NE WS KE RA LA
Kerala

ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെണ്‍ സുഹൃത്തിന്റെ പേരിലുളള സിം, ചാറ്റ് വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചു

ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെണ്‍ സുഹൃത്തിന്റെ പേരിലുളള സിം, ചാറ്റ് വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചു
  • PublishedApril 8, 2025

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാര്‍ഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാര്‍ഡെന്നും എക്‌സൈസിന് വിവരം ലഭിച്ചു. നടന്റെ പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.

പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുന്‍പ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവര്‍ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവര്‍ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാലെ ലഹരി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളൂ.

അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ശ്രീനാഥ് ഭാസി പിന്‍വലിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടന്റെ അഭിഭാഷകന്റെ നടപടി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ചയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നെന്നാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. പ്രതി തസ്ലീമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.

സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്ലീമയെ പിടിച്ചതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *