തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന നടത്തി. പരിശോധനയിൽ ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് പരിശോധിച്ചത്. അതിൽ തന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തിരിക്കുന്നത് .
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്. പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങി.
ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ റെയ്‌ഡ് നടക്കുന്ന സന്ദർഭത്തിൽ ഉണ്ടായിട്ടുണ്ടോയെന്നുള്ള കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. മുൻപൊന്നും തന്നെ എക്സൈസ് ഉദ്യോഗസ്ഥർക്കോ പൊലീസ് ഉദ്യോഗസ്ഥർക്കോ ഇവിടെ കയറി പരിശോധന നടത്താൻ സാധിച്ചിട്ടില്ല. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഇപ്പോൾ ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്.