അതിരുവിട്ട് ആഘോഷം; ഫാറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് വിദ്യാർത്ഥികള്‍
കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് വിദ്യാർത്ഥികള്‍. സെപ്തംബർ 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം.മറ്റ് വാഹന യാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വിദ്യാർത്ഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്തത്. നിരവധി ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാർത്ഥികളെത്തിയത്. കാറുകളുടെ മുകളിലും ഡോറിലും ഇരുന്നാണ് ഇവർ യാത്ര നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അപകടകമായ രീതിയില്‍ വാഹനമോടിച്ചതിന് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഫോക്സ്വാഗണ്‍ പോളോ, ഔഡി, മഹീന്ദ്ര ഥാർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങി രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ നിരവധി വാഹനങ്ങളുമായാണ് വിദ്യാർത്ഥികള്‍ നിരത്തിലിറക്കിയത്.