തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്ന സംഭവം. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന് ചേർന്നു . മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വകുപ്പുതല അന്വേഷണം ഉൾപ്പടെയുള്ളവയിൽ യോഗം തീരുമാനം കൈക്കൊണ്ടു. ഡിപിഐ നേരത്തെ ഡിജിപിക്കും സൈബർ പൊലീസിനും സംഭവത്തിൽ പരാതി നൽകിയിരുന്നു. സ്വകാര്യ ട്യൂഷൻ സെന്‍ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായി എന്നതാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള കാര്യവും വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തും. എസ്എസ്എൽസി, ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഒപ്പം അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷൻ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നപ്പോൾ പൊലീസ് വിളിപ്പിച്ചിരുന്നു. മലപ്പുറം പൊലീസിൽ അതുമായി ബന്ധപ്പെട്ട മൊഴി നൽകിയെന്നും. സ്ത്രീത്വത്തിന് എതിരല്ലെന്നും കുട്ടികളെ അച്ചടക്ക ബോധം പഠിപ്പിക്കുകയാണ് ചെയ്തതെന്നും ഷുഹൈബ് കൂട്ടിച്ചേര്‍ത്തു.