x
NE WS KE RA LA
Kerala

പത്തനംതിട്ടയിൽ ഹോംനഴ്സിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു.

പത്തനംതിട്ടയിൽ ഹോംനഴ്സിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു.
  • PublishedMay 26, 2025

പത്തനംതിട്ട: ഹോംനഴ്സിന്റെ മർദനമേറ്റയാൾ മരിച്ചു. മറവിരോഗം ബാധിച്ച, തട്ട പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻപിള്ള (60) ആണ് മരിച്ചത്. ഏപ്രിലിൽ ആണ് സംഭവം. വീട്ടിൽ ഹോംനഴ്സിന്റെ മർദനമേറ്റ് അവശനിലയിലായ ശശിധരൻപിള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുമ്പ് വീട്ടിൽ കൊണ്ടുവന്നെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഹോംനഴ്സിന്റെ മർദനമാണ് മരണകാരണമെന്ന് കുടുംബം ആരോപണം ഉന്നയിച്ചു.

സംഭവത്തിൽ ഹോംനഴ്സ്, കൊട്ടാരക്കര വിളക്കുടി ഭാസ്കരവിലാസത്തിൽ വിഷ്ണു (37)-വിനെ കൊടുമൺ പോലീസ് അറസ്റ്റുചെയ്തിരുന്നു. മറവിരോഗത്താലും മറ്റും പ്രയാസം അനുഭവിക്കുന്ന ശശിധരൻപിള്ള ഏഴ് വർഷമായി കിടപ്പിലായിരുന്നു. ബിഎസ്എഫിൽനിന്ന് വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി, അടൂരിലെ ഒരു ഏജൻസി മുഖാന്തരം രണ്ടരമാസം മുമ്പാണ് വിഷ്ണുവിനെ നിയോഗിച്ചത്. തഞ്ചാവൂരിൽ ഗവൺമെന്റ് സർവീസിൽ അധ്യാപികയായ ഭാര്യ എം.എസ്. അനിതകുമാരി ഹോംനഴ്സിനോട്, ഭർത്താവിനെ നല്ലവണ്ണം നോക്കണമെന്നും വീട്ടിൽനിന്ന് പുറത്തുപോയാൽ പെട്ടെന്ന് തിരിച്ചുവരണമെന്നും പറഞ്ഞതിലുള്ള വിരോധം കാരണമായിരുന്നു മർദനം.

കിടപ്പുമുറിയിൽവെച്ച് വടികൊണ്ട് മുഖത്ത് കുത്തിയതുകാരണം ഇടതുകണ്ണിന് താഴെ അസ്ഥിപൊട്ടി. ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടതുമുട്ടിന് താഴെ മുറിവുണ്ടായി. തറയിൽ തള്ളിയിട്ടു വലിച്ചപ്പോൾ മുതുക് ചതഞ്ഞു. ഇതേത്തുടർന്നാണ് ശശിധരൻപിള്ള അബോധാവസ്ഥയിലായത്.

ഏപ്രിൽ 23-ന് അനിത വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ അസ്വാഭാവികമായ ബഹളം കേൾക്കുകയും . തുടർന്ന് അയൽവാസികളെ വിളിച്ചറിയിക്കുകയും ചെയ്തു. അവർ വീട്ടിലെത്തി നോക്കിയപ്പോൾ ശശിധരൻപിള്ളയുടെ മുഖത്തും മറ്റും പാടുകൾ കണ്ട് കാര്യം തിരക്കി. എന്നാൽ, തറയിൽവീണ് സംഭവിച്ചതാണെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി.

എന്നാൽ സിസിടിവിയിൽനിന്ന്, ശശിധരൻപിള്ളയെ നഗ്നനാക്കി മർദിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിക്കുകയും. തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ശശിധരൻപിള്ളയുടെ മകൾ: ആര്യ. സംസ്കാരം പിന്നീട് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *