x
NE WS KE RA LA
Kerala

സ്വതന്ത്രനായി മത്സരിക്കാം; പി വി അന്‍വറിന്റെ പത്രിക തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്വതന്ത്രനായി മത്സരിക്കാം; പി വി അന്‍വറിന്റെ പത്രിക തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍
  • PublishedJune 3, 2025

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചനകൾ പറയുന്നത്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയിരിക്കുന്നത്. എന്നാൽ പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇപ്പോൾ പാളിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. കൂടാതെ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണി രൂപീകരിക്കുകയും ചെയ്തിരുന്നു .

ഇതിന് മുന്‍പും നിലമ്പൂരില്‍ അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തന്നെയാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് എല്‍ഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു. യുഡിഎഫ് പിന്തുണയ്ക്കായി അന്‍വര്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചകള്‍ ഫലം കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *