പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് വയോധികയ്ക്ക് പരിക്ക്

പാലക്കാട്: വൈദ്യുത ലൈനിൽ നിന്നും പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് വയോധികയ്ക്ക് പരിക്ക്. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റിരിക്കുന്നത്. മാലതിയുടെ മകൻ പ്രേംകുമാർ ആണോ പന്നി കെണി സ്ഥാപിച്ചത് എന്ന് പൊലീസ് സംശയിക്കുന്നു. മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് കൊണ്ടുകൊടുക്കുന്നതിനിടെയാണ് സംഭവം കണ്ടത്. വീട്ടുപറമ്പിലാണ് മാലതി ഷോക്കേറ്റ് കിടന്നത്. ഉടനെ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വലിച്ചിട്ട് വയോധികയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മാലതിക്ക് ഇടതു കൈയിലാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. ഷൊർണൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി മാലതിയുടെ മകൻ പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.