വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു; വായ്പ 25 ലക്ഷം, പലിശ കുമിഞ്ഞുകൂടി 42 ലക്ഷമായി

പൊന്നാനി: കടബാധ്യതയെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിൻ്റെ ഭാര്യ മാമി (82) യാണ് മരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് ഇവരുടെ മൂത്ത മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്.ബി.ഐ ബാങ്കിൽ വീടിന്റെ ആധാരം വെച്ച് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ നാല് വർഷം മുമ്പ് ഇയാളെ അബൂദാബിയിൽ നിന്ന് കാണാതായതോടെ ലോൺ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശയടക്കം 42 ലക്ഷമായതിനെ തുടർന്ന് വീട് ജപ്തി ചെയ്തു. കിടപ്പുരോഗി കൂടിയായ ഉമ്മയെ പുറത്താക്കിയാണ് വീട് ജപ്തി ചെയ്ത് താക്കോലുമായി ബാങ്ക് അധികൃതർ പോയത്.
വൈകീട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പം എത്തിയ ബാങ്കുകാർ ജപ്തിയുടെ ഭാഗമായി മാമിയെ മകന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മണിക്കൂറുകൾക്കകം മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.