x
NE WS KE RA LA
Kerala

കൊച്ചുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
  • PublishedMay 22, 2025

കണ്ണൂര്‍: പയ്യന്നൂരിൽ കൊച്ചുമകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടില്‍ കാര്‍ത്യായനിയമ്മ (88) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഈ മാസം 11-ന് ഉച്ചയ്ക്ക് കാര്‍ത്യായനിയമ്മയുടെ മകള്‍ ലീലയുടെ മകന്‍ റിജു ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേപ്പിച്ചു എന്നാണ് പരാതി.

കാര്‍ത്യായനിയമ്മയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും, സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാര്‍ ആദ്യം പറഞ്ഞത്. തല ചുമരിലിടിപ്പിക്കുകയും കൈയില്‍ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപ്പെട്ട് അര്‍ധബോധാവസ്ഥയിലായ നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്‌സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് വീതംവെച്ചച്ചോള്‍ ഇവരുടെ സംരക്ഷണച്ചുമതലയേറ്റെടുത്തത് മകള്‍ ലീലയായിരുന്നു. അതിനാല്‍ കാര്‍ത്യായനിയമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നൽകി. പിന്നീട് വീട് വാടകയ്ക്ക് നൽകി, ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കാര്‍ത്യായനിയമ്മയെ കൊണ്ടുവരികയായിരുന്നു. പരിചരിക്കാനായി ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. റിജുവിന്റെ ഭാര്യ പ്രസവിച്ചശേഷം ഇരട്ടക്കുട്ടികളുമായി ഇവര്‍ വീട്ടിലെത്തിയതോടെ, ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിന്റെ പേരില്‍ റിജു ആക്രമിച്ചുവെന്നാണ് കേസിൽ പറയുന്നത്.

പരേതനായ പൂക്കുടി ചിണ്ടനാണ് കാര്‍ത്യായനിയമ്മയുടെ ഭര്‍ത്താവ്. മകന്‍: പരേതനായ ഗംഗാധരന്‍. മരുമക്കള്‍: ചന്ദ്രന്‍, യമുന. സഹോദരങ്ങള്‍ : പദ്മനാഭന്‍ (റിട്ട. പഞ്ചാബ് നാഷണല്‍ ബാങ്ക്), വേലായുധന്‍ (റിട്ട. സിഐഎസ്എഫ്), പരേതരായ കരുണാകരന്‍ (റിട്ട. എയര്‍ഫോഴ്‌സ്), രാഘവന്‍ (റിട്ട. സിഐഎസ്എഫ്).

Leave a Reply

Your email address will not be published. Required fields are marked *