ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ വയോധിക സഹോദരിമാരെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു ഇവർ . രണ്ട് പേരുടെയും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പോയിരിക്കുന്നത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എത്തിയെന്ന് കണ്ടെത്തി. ബസ് ഡ്രൈവറോട് തിരുപ്പതിക്ക് എപ്പോഴാണ് ബസെന്ന് അന്വേഷിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഞായറാഴ്ച വൈകീട്ട് തന്നെ ഇരുവരും പാലക്കാട് നിന്ന് ബസ് കയറി. കോയമ്പത്തൂരിലേക്കാണോ മധുരയിലേക്കാണോ എന്ന സാധ്യത പൊലീസ് പരിശോധിച്ചു വരികയാണ്.