വിമാനത്താവളത്തിൽ ലഗേജിനായി കാത്തിരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ലഗേജിനായി കാത്തിരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിയായ ടി രാമാനുജലു (79) ആണ് മരിച്ചത്. വിദേശത്തുള്ള മകനെ സന്ദർശിച്ച ശേഷം അദ്ദേഹം പുലർച്ചെ 2.30നാണ് വിമാനമിറങ്ങിയത്.
കൺവെയർ ബെൽറ്റിന് സമീപം വന്ന സമയത്ത് ലഗേജ് എത്തിയിരുന്നില്ല. അതിനായി അവിടെ കാത്തുനിൽക്കുമ്പോഴാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തൊട്ടുപിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ തന്നെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
അധികൃതർ വിവരം അറിയിച്ചതനുസരിച്ച് എയർപോർട്ട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി. ലഗേജിൽ പുതിയ ലാപ്‍ടോപ് ഉണ്ടായിരുന്നതിനാൽ ലഗേജ് കസ്റ്റംസ് വിഭാഗം പിടിച്ചുവെച്ചിരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.