തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ഇ.പി. ജയരാജൻ ഇനി സി.പി.എം വേദിയില്‍ ഉണ്ടാകില്ല. പക്ഷേ ഇപ്പോഴും അദ്ദേഹം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗമാണ്. പ്രസ്തുത സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കമില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുമുണ്ട്. പാർട്ടിയില്‍നിന്ന് പൂർണമായും മാറിനില്‍ക്കാനാണ് ഇ.പി. ജയരാജന്‍റെ തീരുമാനമെന്നാണ് വിവരം.
അടുത്ത വർഷം ഏപ്രിലില്‍ മധുരയില്‍ പാർട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ഇ.പി. ജയരാജന് 75 വയസ്സ് തികയാൻ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടാകൂ. 75 വയസ്സ് പ്രായപരിധിയില്‍ തട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് പുറത്താകാനുള്ള സാധ്യതയേറെയാണ്. പാർട്ടിയില്‍നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തിന് അതും ഒരു കാരണമാണ്. മുൻപ് പലവട്ടം പാർട്ടിയുമായി പിണങ്ങി വീട്ടില്‍പോയ ഇ.പിയെ അനുനയിപ്പിച്ചിരുന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. പിണറായി വിജയനും കൈവിട്ട അദ്ദേഹത്തെ പാർട്ടി നടപടിക്ക് ശേഷം പാർട്ടിയില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നത് അനുനയത്തിനുള്ള സാധ്യതയില്ലെന്നാണ് കാണിക്കുന്നത്. സജീവ രാഷ്ട്രീയം വിടുമോയെന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാമെന്നാണ് മറുപടി. ബി.ജെ.പിയില്‍ ചേരാൻ നീക്കം നടത്തിയെന്നതിന്‍റെ പേരിലാണ് ഇ.പി. ജയരാജൻ പാർട്ടിക്ക് അനഭിമതനായത്. അതുകൊണ്ടുതന്നെ, ജയരാജന്‍റെ അടുത്ത നീക്കം എന്തെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
കേരളത്തില്‍ കളംപിടിക്കാൻ ആഞ്ഞുശ്രമിക്കുന്ന ബി.ജെ.പി അവസരം പ്രയോജനപ്പെടുത്താൻ വലിയ ശ്രമങ്ങള്‍ നടത്തുമെന്നുറപ്പ്. കണ്ണൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ഇ.പി. ജയരാജൻ ആത്മകഥ എഴുതാനുള്ള ഒരുക്കത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആറു പതിറ്റാണ്ടോളം നീണ്ട കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ള യാത്രയില്‍ നിർണായക സന്ദർഭങ്ങളില്‍ പ്രധാന റോള്‍ വഹിച്ചയാളാണ് ഇ.പി. ജയരാജൻ. മുറിവേറ്റ മനസ്സുമായി അദ്ദേഹം ജീവിതകഥ എഴുതാനിരിക്കുമ്ബോള്‍ എന്തൊക്കെ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന ആകാംക്ഷ പൊതുവിലുണ്ട്. പുറത്തായതിന് തൊട്ടടുത്തദിനത്തില്‍ ആത്മകഥ എഴുതുന്നത് ഇ.പി. ജയരാജൻ വെളിപ്പെടുത്തിയത് തന്നെ വെട്ടിനിരത്തിയ നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അദ്ദേഹം എല്ലാം തുറന്നെഴുതിയാല്‍ രാഷ്ട്രീയ കേരളത്തില്‍ തുടർചലനങ്ങള്‍ക്കുള്ള വകയുണ്ടാകുമെന്നുറപ്പ്.