യുവതിയുടെ സ്വര്‍ണവും പണവും കവർന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍
ചെന്നൈ: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് യുവതിയുടെ സ്വര്‍ണവും പണവും കവർന്ന ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. യുവതിയുടെ മൂന്ന് പവൻ സ്വർണവും 90,000 രൂപയും ആണ് കവർന്നിരിക്കുന്നത്. കേസിൽ ഡിണ്ടിഗൽ ഡിഎസ്പി തങ്കപാണ്ഡ്യന്റെ മകൻ തരുണിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ രാമനാഥപുരം സ്വദേശിയാണ് ഇയാൾ.
പൊള്ളാച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. അടുത്തിടെ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ തരുണിനെ പരിചയപ്പെട്ടത്.
നവംബർ 02 ന് വൈകുന്നേരം പാപനായക്കൻ പാളയത്ത് നിന്നാണ് യുവതിയെ തരുൺ തന്റെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. ഒരു സ്വകാര്യ കോളേജിന് സമീപത്തുനിന്ന് ഇയാളുടെ സുഹൃത്ത് ധനുഷ് കൂടി കാറിൽ കയറുകയും ഇരുവരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി മൂന്ന് പവൻ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. യുപിഐ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് 90,000 രൂപ മാറ്റിക്കുകയും ചെയ്തു എന്നും പരാതിയിൽ. കവർച്ചയ്ക്ക് ശേഷം ഇവരെ കോയമ്പത്തൂർ-ട്രിച്ചി റോഡിൽ ഇറക്കിവിടുകയും ചെയ്തു. പിന്നീട് തരുൺ ഒരു സ്റ്റാർ ഹോട്ടലിൽ തനിക്ക് വേണ്ടി മുറി ബുക്ക് ചെയ്ത് ബുക്കിംഗ് വിവരങ്ങൾ അയച്ചുകൊടുത്തുവെന്നും യുവതി പറഞ്ഞു .
താൻ സ്റ്റാർ ഹോട്ടലിൽ പോയെങ്കിലും ഭയം കാരണം മാതാപിതാക്കളെ വിളിച്ച് നടന്നതെല്ലാം അറിയിച്ചു. പിന്നീട്, കോയമ്പത്തൂർ റേസ് കോഴ്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അവർ പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.