കലോത്സവത്തെ കുളിരണിയിക്കാൻ ഇത്തവണയും കുടിവെള്ളം തണ്ണീർ കൂജയിൽ
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺ കൂജകളും മൺ ഗ്ലാസുകളും. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവൽക്കരണം കൂടി ലക്ഷ്യം വച്ചാണ് തണ്ണീർ കൂജ എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
കലോത്സവത്തിന് ശേഷം മൺ കൂജകൾ സ്കൂളുകൾക്ക് നൽകാനാണ് പദ്ധതി.കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനാണ് ഇത്തവണയും വെൽഫയർ കമ്മറ്റിയുടെ ഭാഗമായി തണ്ണീർ കൂജ പദ്ധതി നടപ്പിലാക്കുന്നത്. അറുപത്തി ഒന്നാമത് സംസ്ഥാന സ്ക്കൂൾ കലാമേള കോഴിക്കോട് വെച്ച് നടന്നപ്പോൾ നടപ്പിൽ വരുത്തിയ പദ്ധതിയാണ് ഇപ്പോഴും തുടർച്ചയായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഉർദു അധ്യാപക കൂട്ടായ്മയായ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളാണ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി ഇരുപതോളം വേദികളിലും പ്രധാന ഓഫീസുകളിലും തണ്ണീർ കൂജ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ ഉർദു അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ സമയത്തും മത്സരാർത്ഥികൾക്കും പൊതു ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാണ്.