ഇന്ത്യയ്ക്ക് മേല്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയ്ക്ക് മേല്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നുള്ള അരിയടക്കം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകള്‍ ചുമത്തുമെന്നാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കയിലെ കര്‍ഷകര്‍ക്കായി ഒരു കാര്‍ഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കാര്‍ഷിക ഇറക്കുമതിയെ വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരം ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നുവെന്നും. അമേരിക്കന്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫുകള്‍ ശക്തമായി ഉപയോഗിക്കാനാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യക്കെതിരെ മാത്രമല്ല, കാനഡയ്‌ക്കെതിരെയും ട്രംപ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയില്‍ നിന്നുള്ള വളത്തിന്റെ ഇറക്കുമതിക്കും പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ചുമത്തി, ഈ വരുമാനം ഉപയോഗിച്ച് അമേരിക്കന്‍ കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.