ഡോക്ടറും കുടുംബവും മരിച്ച നിലയിൽ ;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ചെന്നൈ: ഡോക്ടറെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സോണോളജിസ്റ്റായി ജോലി ചെയ്യുന്ന ബാലമുരുഗൻ (52), അഭിഭാഷകയായ ഭാര്യ സുമതി (47), രണ്ട് ആൺ മക്കൾ എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും. ചെന്നൈ അണ്ണാ നഗറിലാണ് സംഭവം നടന്നത്. ദമ്പതികളുടെ മൂത്ത മകൻ ജസ്വന്ത് കുമാർ നീറ്റ് പരിശീലനത്തിലാണ്. ഇളയ മകൻ ലിങ്കേഷ് കുമാർ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.
ഇന്ന് രാവിലെ ഡോക്ടറുടെ ഡ്രൈവർ വീട്ടിലെത്തിയപ്പോൾ ആരും വാതിൽ തുറന്നില്ല. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയും. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. ആത്മഹത്യാ കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ പൊലീസിന് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. അതുപോലെ കടക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മർദം ഉണ്ടായിരുന്നോ എന്നും പരിശോധിച്ചു വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)