തുടര്‍ഭരണം ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ സജീവമാക്കി;സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് കൊല്ലത്ത് ചെമ്പതാക ഉയരും. പതാക, ദീപശിഖ, കൊടിമര ജാഥകള്‍ വൈകുന്നേരം അഞ്ചിന് പൊതുസമ്മേളന നഗറില്‍ സംഗമിക്കുന്നതോടെ പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ടൗണ്‍ഹാളില്‍ ഒരുക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും. പൊളിറ്റ്ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ക്യാപ്റ്റനായ പതാക ജാഥയും സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ക്യാപ്റ്റനായ ദീപശിഖ ജാഥയും . കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ക്യാപ്റ്റനായ കൊടിമര ജാഥയും ഇന്ന് വൈകുന്നേരത്തോടെ ആശ്രാമം മൈതാനത്ത് എത്തിച്ചേരുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകുന്നത്. സമ്മേളനം ഞായറാഴ്ച സമാപിക്കും.
സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. 75 വയസ് പ്രായപരിധി കഴിഞ്ഞവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തുപോകും. 75 തികയാത്തവരുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. അതേസമയം പിണറായി വിജയന്റെ കാര്യത്തില്‍ കഴിഞ്ഞ സമ്മേളനത്തിലെന്നതുപോലെ പ്രായപരിധി ഇളവു നല്‍കും. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ പിണറായി വിജയന് പകരം മറ്റൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പിണറായി ഒഴികെയുള്ളവര്‍ക്ക് പ്രായപരിധി നിബന്ധന കര്‍ശനമാക്കുന്നത്. പിണറായിക്ക് കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുന്നതും കൊല്ലം സമ്മേളനത്തിലെ കാഴ്ചയാണ്. തുടര്‍ഭരണമെന്ന പാര്‍ട്ടി ലക്ഷ്യം കൈവരിക്കാനും പിണറായിയുടെ നേതൃത്വം ഉണ്ടാകണമെന്ന നിലപാടാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്നത്. പ്രായപരിധിയിലെ ഇളവ് സംബന്ധിച്ച സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു.
മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വലിയതോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് നിലപാട് അദ്ദേഹം മയപ്പെടുത്തുകയും ചെയ്തു. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും അംഗങ്ങളും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം തിരുത്തല്‍ നടത്തി. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
1971ലും 1995ലും വേദിയായ കൊല്ലത്തേയ്ക്ക് ഇത് മൂന്നാം തവണയാണ് സിപിഎം സംസ്ഥാന സമ്മേളനം എത്തുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. തുടര്‍ഭരണത്തിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ക്കൊപ്പം നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന വികസനരേഖ പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയാകും. മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാകും സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകളെങ്കിലും വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ശോഭിക്കാത്തതില്‍ അത്ര കടുത്തതല്ലാത്ത വിമര്‍ശനങ്ങളുണ്ടാകും.
കൊല്ലം സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 564,895 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം 38,426 ആണ്. 2597 ബ്രാഞ്ച് സെക്രട്ടറിമാര്‍ വനിതകളാണ്. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 2444 ആയി വര്‍ദ്ധിച്ചു. 40 വനിതകള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായി. 210 ഏരിയ കമ്മിറ്റികളാണ് ഇപ്പോഴുള്ളത്. മൂന്ന് വനിതാ ഏരിയ സെക്രട്ടറിമാരെയും ഈ സമ്മേളന കാലത്ത് തെരഞ്ഞെടുത്തു. ഇക്കുറിയും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വനിതകളൊന്നും തെരഞ്ഞെടുക്കപ്പെട്ടില്ല.