ശബരിമലയിൽ ദിലീപിൻ്റെ വിഐപി ദർശനം; രൂക്ഷ വിമർശനവുമായി ഹൈകോടതി
പത്തനംതിട്ട : ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരിഗണനയിൽ ദർശനം അനുവദിച്ചതിൽ വിമർശനവുമായി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
വിഐപി ദർശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
സന്നിധാനത്തെത്തിയ ദിലീപിൻ്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും ഇടക്കാല ഉത്തരവുണ്ട്.
സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടയുകയും ചെയ്തു. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ് പറയുന്നത്.