ദേവസ്വം ബോര്‍ഡ് പി ആര്‍ ഒ നിയമനം: ക്രമക്കേടെന്ന് രണ്ടാം റാങ്ക് കാരി; പരാതിയുമായി ഹൈക്കോടതിയില്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പരാതി. എഴുത്ത് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് വനിതയായത് കൊണ്ട് ഇന്റര്‍വ്യൂയില്‍ മാര്‍ക്ക് കുറച്ചുവെന്നാണ് ആരോപണം. ഉദ്യോഗാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചു. പിആര്‍ഒ നിയമിത്തിനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് മാനദണ്ഡമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കുമായി പരീക്ഷ നടത്തി. നൂറില്‍ 70 മാര്‍ക്ക് നേടിയ എ ബി നിതയായിരുന്നു എഴുത്ത് പരീക്ഷ കഴിഞ്ഞപ്പോള്‍ ഒന്നാമത് എത്തിയത്. അഭിമുഖ പരീക്ഷ കഴിഞ്ഞ് ആറ് പേരുടെ മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എഴുത്ത് പരീക്ഷയില്‍ 67 മാര്‍ക്കുണ്ടായിരുന്ന ജി എസ് അരുണിന് അഭിമുഖത്തില്‍ ഏഴ് മാര്‍ക്ക് ലഭിച്ചതോടെ ഒന്നാമതെത്തി. എഴുത്ത് പരീക്ഷയില്‍ ഒന്നാം സ്ഥാനകാരിക്ക് അഭിമുഖ പരീക്ഷയില്‍ കിട്ടിയത് മൂന്ന് മാര്‍ക്കാണ്. നിതക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഇവിടെ കള്ളകളി നടന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ ആരോപണം.
മെയിന്‍ ലിസ്റ്റില്‍ മൂന്ന് മാര്‍ക്ക് കിട്ടിയത് നിതക്ക് മാത്രമാണ്. പിന്നിലുള്ള റാങ്കുകാര്‍ക്കും ആറും നാലും, അഞ്ചും മാര്‍ക്ക് കിട്ടി. നിതക്ക് അഭിമുഖത്തില്‍ നാല് മാര്‍ക്ക് ലഭിച്ചാല്‍ പോലും ജോലിക്ക് അര്‍ഹതവരും. സാമ്ബത്തിക പിന്നോക്ക അവസ്ഥയും, പ്രായവും പരിഗണിക്കുമ്‌ബോള്‍ അരുണിന് മുന്നേ നിതക്ക് നിയമപ്രകാരം നിയമനം ലഭിക്കും. വനിതകള്‍ക്ക് നിയമനം ലഭിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം മാര്‍ക്ക് മൂന്നായി കുറച്ചുവെന്നാണ് നിതയുടെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയെും സമീപിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥിയായ നിത. പക്ഷെ ലിംഗ വിവേചനം കാണിച്ചുവെന്ന് പരാതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നിഷേധിച്ചു. അഭിമുഖത്തിലെ പ്രകടനം മാത്രമായിരുന്നു മാനദണ്ഡമെന്നാണ് വിശദീകരണം.