ഡൽഹി സ്ഫോടനം : പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി : ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ എത്തിയാണ് സന്ദർശിച്ചത്. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. അതുപോലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും.
കൂടാതെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കി അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പത്തംഗ എൻഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ച് പേര് പിടിയിലായി.
തിങ്കളാഴ്ച വൈകിട്ട് 6.52ണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണ് സംഭവം. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിന് പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേർക്കാണ് ജീവൻ നഷ്ടമായത്. 25 പേർക്കാണ് പരിക്കേറ്റത്.