ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം : ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്തെന്ന് പൊലീസ് സംശയിക്കുന്നു . കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്.
ഏപ്രില്‍ 19നാണ് മരണം സംഭവിച്ചത്. കുട്ടി ഓട്ടിസം ബാധിതയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടി മരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ മാതാവും പിതാവും വേര്‍പിരിഞ്ഞാണ് താമസിച്ചുവന്നിരുന്നത്. അതിനാൽ കുട്ടിയെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചാണ് മാതാവ് ജോലിക്ക് പോയിരുന്നത്. ഈ സമയത്താകാം 14 വയസുകാരന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ ഈ 14 വയസുകാരനെ സംരക്ഷിക്കാനാണ് പെണ്‍കുട്ടിയുടെ മാതാവ് ശ്രമിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.