x
NE WS KE RA LA
National

കൊവിഡ് കേസുകൾ നാലായിരം കടന്നു; ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ

കൊവിഡ് കേസുകൾ നാലായിരം കടന്നു; ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ
  • PublishedJune 5, 2025

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിക്കാൻ തുടങ്ങിയതോടെ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകി. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുതിയതായി 276 കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തുവെന്ന് സർക്കാർ നൽകുന്ന കണക്കിൽ പറയുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4302 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ നാലും തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും വീതമാണ് സംഭവിച്ചത്. ഇതോടെ കൊവിഡ് വീണ്ടും വ്യാപിക്കാൻ തുടങ്ങിയ ശേഷമുള്ള മരണസംഖ്യ 44 ആയി.

രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇന്ന് മോക് ഡ്രിൽ നടത്താൻ നിർദേശിച്ചത്. ഐസൊലേഷൻ വാർഡുകൾ, ഓക്സിജൻ വിതരണം, വെന്റിലേറ്ററുകളുടെ ലഭ്യത, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കും. രോഗികളുടെ എണ്ണം വീണ്ടും വലിയ തോതിൽ വർദ്ധിക്കുമെങ്കിൽ ഫലപ്രദമായി നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനുള്ള നടപടികളാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക അവലോകന യോഗങ്ങളിലെ നിർദേശ പ്രകാരമാണ് ഇന്നത്തെ മോക് ഡ്രില്ലിന് നിർദേശം നൽകിയത്. അത്യാവശ്യമായി വരാൻ സാധ്യതയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *