കോവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനത്ത് സൂക്ഷ്മനിരീക്ഷണം ശക്തമാക്കി

കണ്ണൂർ: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൂക്ഷ്മനിരീക്ഷണം ശക്തമാക്കി. ഇൻഫ്ലുവൻസ പോലുള്ള പനി, ശ്വാസകോശ അണുബാധ തുടങ്ങിയ ലക്ഷണങ്ങളോടെ ആസ്പത്രിയിൽ എത്തുന്ന എല്ലാവർക്കും കോവിഡ്-19 പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കിൽ ആർടിപിസിആർ ചെയ്യണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ പറഞ്ഞു. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണം.
1435 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ 4026 രോഗികളാണുള്ളത്. ചുരുക്കം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.