എന്‍എച്ച് 66 ഈ വര്‍ഷം തുറക്കും

കോഴിക്കോട്: സംസ്ഥാനം കാത്തിരിക്കുന്ന കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത 66 നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2025ല്‍ തന്നെ കേരളത്തിന് ആറുവരി ദേശീയപാതയിലൂടെ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയായ റിയാസ് പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ദേശീയപാത നിര്‍മാണം വിവിധ റീച്ചുകളിലായി പുരോഗമിക്കുകയാണ്. വിവിധയിടങ്ങളില്‍ അവസാനഘട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം. പണി പൂര്‍ത്തിയായ റീച്ചുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുമുണ്ട്. മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. 50 കിലോമീറ്റര്‍ ഇടവേളയില്‍ വിശ്രമ സംവിധാനമുള്‍പ്പെടെയാണ് തീരദേശ പാത വരുന്നതെന്ന് മന്ത്രി പറഞ്ഞു.
റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകും. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനം ഇതിന് ഊര്‍ജ്ജം പകര്‍ന്നു.