പാചക വാതക വില കൂടി ; പുതിയ വില പ്രാബല്യത്തിൽ, പ്രതിഷേധിക്കാൻ പ്രതിപക്ഷം

ദില്ലി: പാചകവാതക വില വർധനവിനെതിരെ സംയുക്തമായി പ്രതിഷേധിക്കാൻ പ്രതിപക്ഷം. പാർലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. 15 ദിവസം കഴിഞ്ഞ് വീണ്ടും വില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ പെട്രോൾ ഡീസൽ നികുതിയും ചില സംസ്ഥാനങ്ങൾ ഉയർത്തിയേക്കും.
ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷമാണ് വർധിച്ചിരിക്കുന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി ഉയർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്നും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ വാതക വില ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് എൽപിജി സിലിണ്ടറിന് 50 രൂപ സർക്കാർ കുത്തനെ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി ചെലവ് 14 ശതമാനം ഇക്കൊല്ലം കൂടിയെന്നാണ് സർക്കാരിൻറെ വാദം. എണ്ണ കമ്പനികൾക്ക് ഇതു വഴി ഉണ്ടായ നഷ്ടം നികത്താനുള്ള ഒരു വഴിയെന്നാണ് 50 രൂപ കൂട്ടിയതിനെ സർക്കാർ ന്യായീകരണം. ഉജ്ജ്വല സ്കീമിലുള്ള 10 കോടി കുടുംബങ്ങൾക്ക് നിലവിലെ 500 രൂപയ്ക്കു പകരം ഇനി 550 രൂപ സിലിണ്ടറിന് നൽകണം.