പാലക്കാട് ബിജെപിയിൽ സമവായം; രാജിനീക്കത്തിൽ നിന്ന് പിന്മാറി കൗൺസിലർമാർ

പാലക്കാട്: ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം. പാലക്കാട് ബിജെപിയിൽ സമവായം. ആർഎസ്എസ് ഇടപെടലിനെ തുടർന്ന് നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാർ രാജിനീക്കത്തിൽ നിന്ന് പിന്മാറി. ഒപ്പം പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദേശം നൽകുകയും ചെയ്തു.
കൂടാതെ വ്യാപക എതിർപ്പുകൾക്കിടെ പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തു. സന്ദീപ് വാര്യർ ഇവരെ കോൺഗ്രസിൽ എത്തിക്കാൻ ശ്രമിച്ചതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി. എന്നാൽ ആർഎസ്എസ് നേതൃത്വം വിമതരെ അനുനയിപ്പിച്ചു. പരാതികൾ പരിഹരിക്കാമെന്ന് ആർഎസ്എസ് ഉറപ്പ് നൽകി. ഇതോടെ രാജിയിൽ നിന്ന് വിമതർ പിന്മാറുകയായിരുന്നു. പക്ഷെ ജില്ലാ അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ എതിർപ്പ് ഉയർത്തിയവർ വന്നില്ല.
പാലക്കാട് ബിജെപി നഗരസഭാ ഭരണത്തിന് ഒരു പോറലുമേറ്റില്ലെന്ന് സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. പ്രചരിച്ച കഥകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞുവെന്നും. ബിജെപി ദേശീയ അധ്യക്ഷന്‍ അംഗീകരിച്ചാല്‍ പിന്നീട് ഒരു ചര്‍ച്ചകളുടേയും ആവശ്യമില്ല. ദേശീയ നേതൃത്വം പറയുന്നത് അച്ചടക്കത്തോടെ നടപ്പിലാക്കുന്നതാണ് ബിജെപി പാരമ്പര്യമെന്നും സി കൃഷ്ണകുമാർ പറഞ്ഞു .
തൽക്കാലം പ്രശ്നം തീർന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് മുതൽ പാലക്കാട് ബിജെപിയിൽ തുടരുന്ന പ്രതിസന്ധി പാർട്ടിക്ക് നിരന്തരം വെല്ലുവിളിയാകുന്നുണ്ട്. പാലക്കാടിന് പിന്നാലെ മറ്റ് പലയിടത്തും പരാതി ഉയർന്നെങ്കിലും നേതൃത്വം തീരുമാനിച്ചവർ തന്നെ എല്ലായിടത്തും ചുമതലയേൽക്കുകയും ചെയ്തു. പ്രായപരിധിയിൽ ഉയർന്ന പരാതി തള്ളിക്കൊണ്ടാണ് തിരുവനന്തപുരം സെൻട്രലിൽ കരമന ജയനെ തന്നെ നേതൃത്വം പരിഗണിച്ചത്. കൂടുതൽ വോട്ട് കിട്ടിയതിനെക്കാൾ മറ്റ് പല ഘടകങ്ങൾ കൂടി പരിഗണിച്ചാണ് നേതൃത്വം പുതിയ അധ്യക്ഷന്മാരെ തീരുമാനിച്ചത്. മൂന്നിടത്താണ് ഇനി സമവായം ആകേണ്ടത്. അതിന് ശേഷം സംസ്ഥാന അധ്യക്ഷൻറെ കാര്യത്തിൽ തീരുമാനമാകും.