തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിന് പി.വി അൻവറിന് മുൻപിൽ നിർദ്ദേശം മുന്നോട്ട് വെക്കാൻ കോൺഗ്രസ്. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കണമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുക. കൂടാതെ ഒറ്റയ്ക്ക് നിന്നുള്ള സഹകരണ പ്രഖ്യാപനവും സ്വീകാര്യമാണെന്നും കോൺഗ്രസ് അറിയിക്കും.
എന്നാൽ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനമെന്നതാണ് അൻവർ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അത് തൃണമൂൽ കോൺഗ്രസ് എന്ന നിലയ്ക്ക് വേണ്ടതില്ലെന്നാണ് കോൺഗ്രസിലെ ആലോചന. ദേശീയ നേതൃത്വത്തിനുള്ള താൽപര്യ കുറവും ഇക്കാര്യത്തിൽ പി.വി അൻവറിനെ അറിയിക്കും. പകരം പുതിയ കേരള പാർട്ടി ഉണ്ടാക്കി വന്നാൽ പ്രവേശനം ഉറപ്പ് നൽകാമെന്നതിനേക്കാൾ കോൺഗ്രസിന് കൂടുതൽ താൽപര്യം അൻവർ പുറത്ത് നിന്ന് നിരുപാധിക പിന്തുണ നൽകുന്നതിനാണ്. നിരുപാധിക പിന്തുണയ്ക്ക് പകരമായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അൻവറിന് കൂടി താൽപര്യമുള്ള തവനൂർ, പട്ടാമ്പി സീറ്റുകളിൽ ചില ഉറപ്പുകൾ നൽകാനും കോൺഗ്രസ് നേതൃത്വം തയ്യാറാണ്. വി ഡി സതീശനും രമേശ് ചെന്നിത്തലയും നടത്തുന്ന ചർച്ചയിൽ കോൺഗ്രസ് നിർദ്ദേശം മുന്നോട്ട് വെയ്ക്കും. ഇതിനെ ഒറ്റയടിക്ക് അൻവർ അംഗീകരിക്കില്ല. തുടർ ചർച്ചയിലൂടെ അൻവറിനെ ഒപ്പം നിർത്തി മുന്നോട്ട് പോകാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്.