x
NE WS KE RA LA
Uncategorized

ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎൻടിയുസിയെ തള്ളി കോൺഗ്രസ്; പാർട്ടി നിലപാടാണ് പ്രധാനമെന്ന് എം എം ഹസൻ

ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎൻടിയുസിയെ തള്ളി കോൺഗ്രസ്; പാർട്ടി നിലപാടാണ് പ്രധാനമെന്ന് എം എം ഹസൻ
  • PublishedMarch 24, 2025

തിരുവനന്തപുരം: എസ്‌യുസിഐ നേതൃത്വത്തിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎൻടിയുസി നിലപാട് തള്ളി കോൺ​ഗ്രസ്. ഐഎൻടിയുസി നിലപാട് തിരുത്തണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. ഐഎൻടിയുസിയുടെ നിലപാടിൽ കാര്യമില്ലെന്നും കോൺഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും ഹസൻ വ്യക്തമാക്കി. ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും. അതിനൊപ്പം നിൽക്കുകയാണ് ഐഎൻടിയുസി ചെയ്യേണ്ടതെന്നും എം എം ഹസൻ ആവശ്യപ്പെട്ടു,

എസ്‌യുസിഐ നേതൃത്വത്തിൽ നടക്കുന്ന ആശ വ‍ർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎൻടിയുസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎൻടിയുസി മുഖമാസികയായ ‘ഇന്ത്യൻ തൊഴിലാളി’യിലെ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐഎൻടിയുസി യങ്ങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റും കെപിസിസി നയരൂപീകരണ-​ഗവേഷണ വിഭാ​ഗം യൂത്ത് കൺവീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്. ഓണറേറിയം വർദ്ധിപ്പിക്കുക അല്ല വേണ്ടത്, ശമ്പളമാണ് വേണ്ടതെന്നാണ് നിലപാടെന്നും ലേഖനത്തിൽ ഐഎൻടിയുസി വ്യക്തമാക്കിയിരുന്നു.

സമരത്തിനെത്തിയ കോൺ​ഗ്രസ് നേതാക്കളെയും ലേഖനം പരോക്ഷമായി വിമർശിച്ചിരുന്നു. സമരം ചിലർക്ക് ഒരു സെൽഫി പോയിൻ്റാണെന്നും സമര കേരളത്തിൻ്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തലുണ്ട്. ‘മറ്റൊരു മനുഷ്യൻ്റെ ജീവിതത്തെയും പ്രയാസത്തെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ കണ്ടന്റാക്കി, ലൈക്ക് തെണ്ടുന്ന ഈ പ്രതിഭാസം മനഃശാസ്ത്രപരമായി ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഫിലോസഫിക്കലായി സ്വത്വപ്രതിസന്ധിയുടെ ഉപോത്പ്പന്നവും. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്ളോഗർമാരും സാധാരണക്കാരും ഇന്നി അസുഖത്തിൻ്റെ പിടിയിലാണെന്ന’ രൂക്ഷ വിമർശനവും ലേഖനം മുന്നോട്ട് വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *