വഖഫ് ബില്ലിനെതിരെ ലോകസഭയിൽ കോൺഗ്രസ് ലീഗ്, സമാജ് വാദി പാർട്ടി എംപിമാർ
ന്യൂഡല്‍ഹി: വഖഫില്‍ കടന്നുകയറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാൻ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ് എം.പിമാർ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നല്‍കി.സഭാ ചട്ടം 72 പ്രകാരമാണ് കെ.സി. വേണുഗോപാല്‍, എം.കെ. രാഘവൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാൻ പോകുന്ന വഖഫ് ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും കെ.സി. വേണുഗോപാല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ തമ്മില്‍ വർഗീയമായി ഭിന്നിപ്പിക്കുന്നതിനും സമൂഹത്തില്‍ അശാന്തി പടർത്തുന്നതിനും വേണ്ടിയുള്ള നീക്കമായതിനാല്‍ ബില്‍ അവതരണത്തിണ് അനുമതി നല്‍കരുതെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും വഖഫ് ബോർഡുകളുടെ ഘടനയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഖഫ് കൈയേറ്റങ്ങള്‍ക്കും ഇടയാക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന വഖഫ് നിയമ ഭേദഗതി ബില്‍ 2024. നിലവിലുള്ള നിയമത്തില്‍ അടിമുടി ഭേദഗതികള്‍ നിർദേശിക്കുന്ന ബില്‍, ഒന്നായി കണ്ടിരുന്ന രാജ്യത്തെ വഖഫ് സ്വത്തുക്കളെ സുന്നി, ശിയാ, ആഗാഖാനി, ബോറ എന്നിങ്ങനെ വിഭജിക്കുന്നു. വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമീഷണറില്‍നിന്ന് എടുത്തുമാറ്റി ജില്ല കലക്ടർക്ക് നല്‍കുന്നു. എല്ലാ സംസ്ഥാന വഖഫ് ബോർഡുകളിലും രണ്ട് അമുസ്‍ലിം അംഗങ്ങള്‍ നിർബന്ധമായിരിക്കണമെന്ന വിചിത്ര വ്യവസ്ഥയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുസ്‍ലിം സമുദായത്തില്‍ നിന്നാകണമെന്ന നിലവിലുള്ള വ്യവസ്ഥയും പുതിയ ബില്ലില്‍നിന്ന് നീക്കി. പാർലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിവാദ ബില്ലിന്റെ പകർപ്പ് ബുധനാഴ്ച എം.പിമാർക്ക് വിതരണം ചെയ്തിരുന്നു.